ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹിക സാംസ്ക്കാരിക ചരിത്രം

1756-57ല്‍ (കൊല്ലവര്‍ഷം 932ല്‍) സാമൂതിരിപ്പാട് തരൂര്‍ സ്വരൂപത്തെ ആക്രമിച്ചു കീഴടക്കി, ആ രാജ്യത്തെ മൂന്നു ഭാഗങ്ങളാക്കി വിഭജിച്ചു. അതില്‍ സാമൂതിരി കൈവശം വച്ച നടുഭാഗത്തെ നടുവട്ടം എന്നു പറയുന്നു. തെന്‍മലയ്ക്കും വടമലയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഭൂവിഭാഗത്തിലുള്‍പ്പെട്ടതാണ് പല്ലശ്ശന പഞ്ചായത്ത്. ഇപ്പോഴത്തെ ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളും പാലക്കാട് താലൂക്കിന്റെ ചില ഭാഗങ്ങളും നടുവട്ടം പ്രദേശത്ത് ഉള്‍പ്പെടും. പല്ലശ്ശനയുടെ വടക്കുഭാഗത്തുള്ള കാക്കയൂര്‍ (ഇന്നത്തെ കൊടുവായൂര്‍ പഞ്ചായത്ത്) ഗ്രാമത്തിലെ കോട്ടമല കേന്ദ്രമാക്കി ഇടപ്രഭുവായ കുറൂര്‍ നമ്പിടി പല്ലശ്ശനയുടെ ഭരണഭാരം നടത്തിവന്നു. കോട്ട നിന്ന മല എന്ന അര്‍ത്ഥത്തിലാകാം ആ മലക്ക് കോട്ടമല എന്ന പേര്‍ വന്നിട്ടുണ്ടാവുക. കുറൂര്‍ നമ്പിടിയെ കുതിരവട്ടത്തുനായര്‍ ചതിച്ചുകൊന്നു. ജാതിമത-വര്‍ണ്ണ-വര്‍ഗ്ഗവ്യത്യാസമില്ലാതെ പല്ലശ്ശന നിവാസികള്‍ കുതിരവട്ടത്തു നായരോട് പകരം ചോദിക്കാന്‍ പടയ്ക്കിറങ്ങി. യുദ്ധം നടന്നുകൊണ്ടിരിക്കെ സാമൂതിരിരാജാവ് ഇടപെട്ടു, ക്ഷുഭിതരായ പല്ലശ്ശന നിവാസികള്‍ക്ക് മരിക്കാത്ത രാജാവിനെ നല്‍കാമെന്നറ്റു. വേട്ടയ്ക്കൊരുമകന്‍ എന്ന കിരാതവേഷം ധരിച്ച ശിവനെ സാമൂതിരി പല്ലശ്ശനക്കാര്‍ക്കു നല്‍കി. ഈ കിരാതമൂര്‍ത്തിയെ അവിട്ടത്തിന്‍ നാളാണ് പ്രതിഷ്ഠിച്ചത്. പടപുറപ്പാടിന്റെ ഓര്‍മ്മ നിലനിര്‍ത്തുവാനായി പല്ലശ്ശന നിവാസികള്‍ “തല്ലുമന്ദത്ത്” തിരുവോണം നാളില്‍ ഓണത്തല്ലും വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രപരിസരത്ത് അവിട്ടം നാളില്‍ അവിട്ടത്തല്ലും നടത്തിവരുന്നു. പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ പല്ലാവൂരിനും തമിഴ്നാട്ടിലെ പല്ലാവരത്തിനും സ്ഥലനാമത്തില്‍ സാമ്യമുണ്ട്. പല്ലാവൂര്‍ ശിവക്ഷേത്രം പല്ലവന്‍മാര്‍ നിര്‍മ്മിച്ചതായും പറയുന്നു. എ.ഡി.699ല്‍ അധികാരത്തിലിരുന്ന ചാലൂക്യരാജാവും പല്ലവരും തമ്മില്‍ ഒന്നര പതിറ്റാണ്ടോളം നീണ്ടുനിന്ന യുദ്ധത്തിനുശേഷം പല്ലവര്‍ വെങ്കിനാടുപേക്ഷിച്ച് തെക്കന്‍ പ്രദേശങ്ങളിലേക്കു വന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു. അങ്ങനെ തെക്കോട്ടുനീങ്ങിയ ശാഖ പാലക്കാട്ടെത്തിയതായി വേണം അനുമാനിക്കാന്‍. ഗതാഗതസൌകര്യാര്‍ത്ഥം കാടുവെട്ടിത്തെളിക്കല്‍ നടത്തിയത് പല്ലവരാണ് എന്ന് പറയപ്പടുന്നു. അതുകൊണ്ട് പല്ലവരെ ‘കാടുവെട്ടി” എന്നും വിളിച്ചിരുന്നു. ഈ പ്രദേശത്തുകൂടിയാണ് ടിപ്പുവിന്റെ പടയോട്ടം നടന്നത് എന്നും പറയപ്പെടുന്നു.

സ്ഥല നാമചരിത്രം

പല്ലാവൂരിന്റെ വടക്കെ അതിര്‍ത്തിയായ കരോട്ടുമലയുടെ താഴെ 1964ല്‍ ഖനനം നടത്തിയപ്പോള്‍ ലഭിച്ച നാണയങ്ങളും ലിഖിതങ്ങളും പല്ലവകാലത്തുള്ളതാണെന്ന് അനുമാനിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്തിന്റെ അക്കാലത്തെ നാമം “പല്ലവ ഊര്‍” എന്നായിരുന്നിരിക്കണം. അതു ലോപിച്ച് പല്ലാവൂര്‍ ആയതാവാം. ഇന്നറിയുന്ന പല്ലശ്ശന എന്ന സ്ഥലത്ത് പല്ലവസേന തമ്പടിച്ചിരിക്കാം. പല്ലവസേന തമ്പടിച്ച സ്ഥലത്തിന് കാലക്രമത്തില്‍ പല്ലശ്ശന എന്ന പേര്‍ സിദ്ധിച്ചതാവാം. സംഘകാലത്തെ കല്ലറകളും നടുകല്ലുകളും പല്ലശ്ശനയുടെ പലഭാഗത്തും ഇന്നും കാണാനുണ്ട്. പല്ലശ്ശന പഞ്ചായത്തിലെ മറ്റൊരു വില്ലേജാണ് കൂടല്ലൂര്‍. പശ്ചിമഘട്ടത്തിലെ ആനമലയില്‍ നിന്നുത്ഭവിക്കുന്ന ഗായത്രിപ്പുഴയും നെല്ലിയാമ്പതി മലനിരകളില്‍ നിന്നു വരുന്ന മലമ്പുഴയും കൂടിച്ചേരുന്നത് ഇവിടെ വച്ചാണ്. അതുകൊണ്ടാവാം ഈ പ്രദേശത്തിന് കൂടല്ലൂര്‍ എന്ന പേര് വന്നത്. ഈ ഗ്രാമത്തിലെ മറ്റൊരു പ്രദേശമായ തളൂരിന് കോഴിക്കോട്ട് തളിയെ അനുസ്മരിച്ചാണ് ആ പേര്‍ വന്നതത്രെ. കുറെക്കാലം മുന്‍പുവരെ തളിയൂര്‍ എന്നായിരുന്നു ഈ പ്രദേശത്തിന്റെ പേര്‍. ഇവിടത്തെ ഭൂസ്വത്തുക്കള്‍ സാമൂതിരിവക ജന്മമായിരിന്നു. ബ്രാഹ്മണര്‍ക്കുമാത്രം വേനല്‍ക്കാലത്ത് ഉച്ചക്കഞ്ഞിനല്‍കുന്ന കഞ്ഞിക്കൊട്ടില്‍ ഇപ്പോഴുമുണ്ട്. ജന്‍മിത്വമവസാനിച്ചതിനുശേഷമാണ് ഇവിടുത്തെ കഞ്ഞിപാര്‍ച്ച നിന്നത്. ഒരു കാലത്ത് പല്ലശ്ശനയുടെ ഭൂപ്രകൃതി ഇന്നുകാണുന്നതേ ആയിരുന്നില്ല. കുന്നുകള്‍, പാടങ്ങള്‍, പാറക്കെട്ടുകള്‍ എന്നിവ ഇടതിങ്ങിയ പ്രദേശമായിരുന്നു. പല്ലശ്ശന പഞ്ചായത്തിലെ പല പ്രദേശങ്ങളുടെയും പേര്‍ പാറയുമായി ബന്ധപ്പെട്ടതാണ്. കല്ലന്‍പറമ്പ്, ഒഴുവുപാറ, ഇട്ടിയമ്പാറ, ചക്കുംപാറ, കല്ലോട്ടുപാറ, പാറക്കളം, കരിമ്പാറത്തൊടി മാടമ്പാറ, മലമ്പള്ള എന്നീ പാറകളില്‍ പലതും കര്‍ഷകര്‍ കറ്റക്കളമായി ഉപയോഗിച്ചിരുന്നു. ഇന്ന് പാറകളെല്ലാം ക്വാറിത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗമായിക്കഴിഞ്ഞു.

കാര്‍ഷിക ചരിത്രം

അന്നും ഇന്നും പഞ്ചായത്തിലെ മുഖ്യതൊഴില്‍ കൃഷി തന്നെ. ബഹുഭൂരിപക്ഷം കൃഷിക്കാരും പാട്ടകൃഷിക്കാരായിരുന്നു. അതിലധികവും വാക്കാല്‍ കരാറായിരുന്നു. ചിലര്‍ക്ക് പാട്ടശീട്ടുണ്ടായിരുന്നു. കൃഷി ഏറ്റെടുക്കുന്നതിനു മുമ്പ് കൃഷിഭൂമിയുടെ വിസ്തീര്‍ണ്ണം അനുസരിച്ച് മുന്‍കൂര്‍ പണം നല്‍കിയിരുന്നു. “കട്ടക്കാണം” എന്നാണ് ഇതിനെ പറഞ്ഞിരുന്നത്. ഒരേക്കറിന് ശരാശരി നൂറുപറനെല്ല് വര്‍ഷത്തില്‍ പാട്ടമായി ജന്‍മിക്ക് നല്‍കിയിരുന്നു. പാട്ടം കൊടുത്തില്ലെങ്കില്‍ കൃഷി ഒഴിഞ്ഞുകൊടുക്കണം. കൃഷി ഒഴിയുന്നതും ഏല്‍ക്കുന്നതും ലളിതമായ ചടങ്ങാണ്. ജന്‍മി ഒരു വൃത്തം വരച്ച് അതിനകത്ത് ഒരു ചെറുകോല്‍ വച്ച് കരി ഏല്‍പ്പിക്കുന്നു. എന്നു പറഞ്ഞാല്‍ കൃഷി ഏറ്റതായും കുടിയാന്‍ അതുപോലെ വൃത്തംവരച്ച് കോല്‍ അതിനകത്തു വെച്ച് കരി ഒഴിഞ്ഞിരിക്കുന്നുവെന്നും പറഞ്ഞാല്‍ ഭൂമി ഒഴിയലും കഴിഞ്ഞു. ഇതിന് “കരിയും തുരുമ്പും കൊടുക്കുക” എന്നാണ് പറയുക. ജാതി തിരിച്ചറിയാന്‍ പ്രത്യേകം പ്രത്യേകം ഭാഷ, വസ്ത്രധാരണം, ആവാസസ്ഥലങ്ങള്‍ക്ക് ചാള, കുടി, വീട്, മഠം, ഇല്ലം, കൊട്ടാരം എന്നിങ്ങനെ പ്രത്യേകം പേരുകള്‍ അന്നുണ്ടായിരുന്നു. താമസസ്ഥലങ്ങള്‍ക്ക് ജാതിയടിസ്ഥാനത്തില്‍ അതിരുകളും കുടിയിറക്കും, ഊരുവിലക്കും ഭൂമി ഒഴിപ്പിക്കലും, മര്‍ദ്ദനവും സാധാരണ സംഭവമായിരുന്നു. അയിത്തത്തിനെതിരായും ക്ഷേത്രപ്രവേശനത്തിനുമായി കണ്ടാത്തു വാസുദേവന്റെ നേതൃത്വത്തില്‍ സംഘടിതശ്രമം നടത്തുകയുണ്ടായത് അവിസ്മരണീയമാണ്.

സാംസ്ക്കാരിക ചരിത്രം

.ചരിത്രവും കേട്ടുകേള്‍വികളും കെട്ടു പിണഞ്ഞു കിടക്കുന്ന സാംസ്ക്കാരിക പശ്ചാത്തലമാണ് പല്ലശ്ശനക്കുള്ളത്. വര്‍ണ്ണവ്യവസ്ഥയുടെ ഭാഗമായി പ്രത്യേകം പ്രത്യേകം ആവാസ കേന്ദ്രങ്ങളില്‍ ഓരോ സമുദായക്കാരും കൂട്ടംകൂട്ടമായി താമസിച്ചുവന്നു. ഇത്തരം ആവാസകേന്ദ്രങ്ങളെ ജാതിപ്പേരുമായി ചേര്‍ത്ത് ചാള, കുടി, ചേരി, വീട്, മഠം, ഇല്ലം എന്നീ പല പേരുകള്‍ പറഞ്ഞുവന്നു. പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ അധികവും കൃഷിഭൂമികളുടെ അതിരുകളില്‍ ജീവിതസൌകര്യങ്ങളൊന്നുമില്ലാത്ത പ്രദേശങ്ങളിലാണ് താമസിച്ചിരുന്നത്. ഇവരില്‍ ചില സമുദായക്കാര്‍ അലക്കും മുടിമുറിക്കലും തൊഴിലുകള്‍ ചെയ്തുവന്നു. ജന്‍മിയുടെ കളപ്പേരോ, തറവാട്ടുപേരോ ചേര്‍ത്താണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ജന്‍മിയുടെ വീട്ടില്‍ ആരെങ്കിലും മരിച്ചാല്‍ സ്വന്തക്കാര്‍ മരിച്ചതുപോലെ അലമുറയിട്ടു കരയുക പതിവായിരുന്നു. അടിമതുല്യമായ ജീവിതം നയിച്ചിരുന്ന ഇക്കൂട്ടരെ ജന്‍മിയുടെ അതൃപ്തിക്കു പാത്രമായാല്‍ വാസസ്ഥലത്ത് നിന്നും കുടിയിറക്കുകയും കൃഷിപ്പണിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്യുമായിരുന്നു. ഇങ്ങനെ പിരിച്ചുവിടുന്നവരെ മറ്റു ജന്‍മിമാരോ കൃഷിക്കാരോ ജോലിക്കു നിര്‍ത്തുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഏത് അക്രമത്തിനു വിധേയമായാലും സഹിക്കുക മാത്രമായിരുന്നു പോംവഴി. സംഭാഷണവും വസ്ത്രധാരണവും ജാതി തിരിച്ചറിയത്തക്കവിധം വ്യത്യസ്തങ്ങളായിരുന്നു. ഈ വ്യത്യസ്തത ജനനം മുതല്‍ മരണാനന്തരകര്‍മ്മങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്നു. പരമ്പരാഗത കൈത്തൊഴിലുകളെ കുലത്തൊഴില്‍ എന്നാണ് വിളിച്ചുവന്നത്. സമ്പത്തും ജാതിയും അടിസ്ഥാനമാക്കി സമൂഹം വ്യക്തമായി വിവിധ തട്ടുകളിലായി വിഭജിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസവും പൊതു ആരാധനാലയങ്ങളും ഇക്കൂട്ടര്‍ക്ക് വിലക്കപ്പെട്ടിരുന്നു. ഓണം, ആയില്യം, മകം തുടങ്ങിയ വിശേഷദിവസങ്ങളില്‍ മറ്റു വിനോദങ്ങള്‍ക്കൊപ്പം വായിക്കാനറിയുന്നവര്‍ വടക്കന്‍ പാട്ടും, കവളപ്പാറക്കൊമ്പനും, വിക്രമാദിത്യചരിതവും മറ്റുള്ളവരെ വായിച്ചുകേള്‍പ്പിക്കുക പതിവായിരുന്നു. ഭൂപരിഷ്ക്കരണനിയമവും സൌജന്യവിദ്യാഭ്യാസവും സാമ്പത്തിക സാംസ്ക്കാരിക മേഖലകളില്‍ വമ്പിച്ച മാറ്റത്തിനിടയാക്കി.